Friday 18 April 2014

കൃഷി ഗ്രാമം


കാര്‍ഷിക ഉത്പാദനത്തിന്‍റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആശയമാണ് ഇവിടെ അവതരിപ്പിക്കുന്നത്‌. 


അരിയും പച്ചക്കറിയും ഉള്‍പ്പടെ നമ്മള്‍ ഇന്ന് കഴിക്കുന്ന എല്ലാം വിഷമയമായിരിക്കുകയാണ്. അതുകൂടാതെ എല്ലാ ഭാക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും കത്തുന്ന വിലയും. നാട്ടിലുടനീളം കൃഷി തുടങ്ങുകയാണ് ഇതിനൊരു പരിഹാരം. വളരെ ചെറിയ സ്ഥലത്ത് തന്നെ വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കുന്ന വിവിധ കൃഷി രീതികള്‍ ഇന്ന് നിലവില്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ പോലും നശിച്ചു പോകാത്ത ഹൈടെക് കൃഷി രീതികള്‍ ഇന്ന് കേരളത്തില്‍ ഉടനീളം വിജയകരമായി നടത്തി വരികയാണ്. കൃഷിവകുപ്പില്‍ നിന്ന് അതിനുള്ള ട്രെയിനിങ്ങും കിട്ടും. കൂടാതെ കാര്‍ഷിക വായ്പയും ലഭ്യമാണ്.


കേരളത്തിലെ ഓരോ ഗ്രാമത്തെയും ഓരോ ഇനം കൃഷിക്ക് വേണ്ടി ഉള്ള ഗ്രാമങ്ങളായി പ്രഖ്യാപിക്കണം. ഉദാഹരണത്തിന് ഒരു ഗ്രാമത്തെ 'തക്കാളി ഗ്രാമം' ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അവിടെയുള്ള എല്ലാ വീടുകളിലും തക്കാളി കൃഷി ആരംഭിക്കുകയായി. ആ നാട്ടിലുടനീളം തക്കാളി കൃഷി ആരംഭിക്കുന്നതിനുള്ള സഹായവും പഞ്ചായത്തില്‍ നിന്ന് ഉണ്ടാവും. ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളില്‍ എല്ലാം തക്കാളി കൃഷി കൊണ്ട് നിറയും. എല്ലാവരും ചെയ്യുന്നത് ഒരേ കൃഷി ആയതു കൊണ്ട് പരസ്പരം സഹായിക്കാനും സഹകരിക്കാനും കഴിയും. കൂടുതല്‍ വിളവെടുക്കാനുള്ള ഉത്സാഹവും ജനങ്ങളില്‍ ഉണ്ടാവും. കൃഷി ഇല്ലാതിരിക്കുക എന്നത് ഒരു അഭിമാന പ്രശ്നമായി മാറും.


ഓരോ ഗ്രാമങ്ങളും വെവ്വേറെ കൃഷി ആയിരിക്കും ചെയ്യുന്നത്. 'വെണ്ടക്കാ ഗ്രാമം', 'വെള്ളരിക്കാ ഗ്രാമം' അങ്ങനെ ഓരോ ഗ്രാമങ്ങളും ഓരോ പച്ചക്കറി ഇനത്തിന്‍റെ പേരില്‍ അറിയപ്പെടും. അങ്ങനെ വന്നു കഴിഞ്ഞാല്‍ എല്ലാ ഇനം കൃഷി ഇനങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ആവശ്യത്തിലധികം ഉത്പാദിപ്പിക്കാന്‍ കഴിയും. ഭക്ഷണ ദാരിദ്ര്യവും ഇല്ലാതാവും, മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാം, ആരോഗ്യവും മെച്ചപ്പെടും, സാമ്പത്തികവും മെച്ചപ്പെടും. നാടിനു ആവശ്യമുള്ള വിളവുകള്‍ എടുത്തു കഴിഞ്ഞാല്‍ ബാക്കി ഉള്ളവ കയറ്റുമതിയും ചെയ്യാം.


എല്ലാ വീടുകളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നം ശേഖരിക്കാന്‍ ഉള്ള സംവിധാനം ഉണ്ടായിരിക്കും. അവയെല്ലാം ഒരുമിച്ചു കൂട്ടി എല്ലാ മാര്‍ക്കറ്റുകളിലും പച്ചക്കറി കടകളിലും എത്തിക്കും. ബാക്കി ഉള്ളവ കയറ്റുമതിയും ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം ജനങ്ങള്‍ക്ക്‌ അവരുടെ ഉത്പാദനത്തിന്‍റെ അനുപാതത്തില്‍ ഉള്ള വില അവരുടെ ബാങ്ക് അക്കൗണ്ട്ല്‍ എത്തിക്കും.


ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ എല്ലാ വീടുകളിലും ഒരു ചെറിയ വരുമാനം എങ്കിലും ഉണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയും. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇത് ഒരു പരിധി വരെ സഹായിച്ചേക്കാം. ടൂറിസം മേഖലയിലും ഇത് ഒരു ആകര്‍ഷണം ആവും. അങ്ങനെ വിവിധ രീതിയില്‍ ആണ് ഇത് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താന്‍ കഴിയുന്നത്‌. 


വിവിധ കൃഷി രീതികള്‍ :


HYDROPONICS :
മണ്ണ് പോലും ആവശ്യമില്ലാതെ വീടിനുള്ളില്‍ തന്നെ ലളിതമായി പച്ചക്കറി വളര്‍ത്താം.


AQUAPONICS :
വളരെ ചെറിയ സ്ഥലത്ത് പോലും മീനും പച്ചക്കറിയും ഒരുമിച്ചു വളര്‍ത്താം.


POLY HOUSE FARMING :
കാലാവസ്ഥാ വ്യതിയാനത്തില്‍ നശിച്ചു പോകാത്ത കൃഷി രീതി. പൂര്‍ണമായും ജൈവ വളം മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന കൃഷി. മഴയും വെയിലും കാറ്റുമൊന്നും ഏല്‍ക്കാത്ത പോളി ഹൌസ് കൂടാരത്തിനുള്ളില്‍ ആണ് കൃഷി നടത്തുന്നത്.

   

OPEN HI-TECH FARMING :
കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വിളവു നല്‍കുന്ന കൃഷി രീതി.



VERTICAL FARMING :
ഇനി അങ്ങോട്ടുള്ള കാലത്ത് കൃഷി ചെയ്യാന്‍ വേണ്ടത്ര സ്ഥലം കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഭൂമിയുടെ ദൌര്‍ലഭ്യവും താങ്ങാനാവാത്ത വിലയും. അങ്ങനെ വരുമ്പോള്‍ നമ്മള്‍ തറനിരപ്പില്‍ നിന്ന് മാറി മുകളിലേക്ക് കൃഷി ചെയ്യേണ്ടി വരും. അതായതു കൂറ്റന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍. അതെ, നമ്മുടെ നാട്ടിലും കൂറ്റന്‍ കെട്ടിടങ്ങള്‍ ഉണ്ടാവണം. വ്യവസായങ്ങള്‍ക്ക് വേണ്ടി അല്ല. കൃഷിക്ക് വേണ്ടി.  




Other Related Topics :
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് : http://www.vikasanam.blogspot.sg/
ജനകീയ പോലീസ് : http://www.nammudepolice.blogspot.com/